ദില്ലി: നിക്ഷേപകരുടെ താത്പര്യം പരിഗണിച്ച് യൂണിലിവർ തൊഴിലാളികളെ പിരിച്ചുവിടുന്നു. മാനേജ്മെന്റ് വിഭാഗത്തിലാണ് 1500 ജീവനക്കാർക്ക് ജോലി നഷ്ടമാവുക. നിലവിൽ 149000 പേരാണ് കമ്പനിയിൽ ലോകമാകെ ജോലി ചെയ്യുന്നത്. സീനിയർ മാനേജ്മെന്റ് തലത്തിൽ 15 ശതമാനം പേർക്കും ജൂനിയർ മാനേജ്മെന്റ് തലത്തിൽ അഞ്ച് ശതമാനം പേർക്കും ജോലി നഷ്ടപ്പെടും. ഈ രണ്ട് വിഭാഗത്തിലുമായി ആകെ 1500 ഓളം പേർക്കാണ് കമ്പനിയുടെ മുഖംമിനുക്കൽ പ്രക്രിയയുടെ ഭാഗമായി ജോലി പോവുന്നത്.
ഡവ് സോപ്പും മാഗ്നം ഐസ്ക്രീമുമടക്കം വിപണിയിൽ ജനപിന്തുണയുള്ള നിരവധി ഉൽപ്പന്നങ്ങൾ യൂണിലിവറിന്റേതായുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ യൂണിലിവറിന്റെ ഓഹരി മൂല്യം 13 ശതമാനം ഇടിഞ്ഞിരുന്നു. ഗ്ലാക്സോസ്മിത്ത്ക്ലൈ എന്ന കൺസ്യൂമർ ഹെൽത്ത്‌കെയർ ഭീമനെ ഏറ്റെടുക്കാനുള്ള നീക്കം കഴിഞ്ഞ ആഴ്ചയാണ് കമ്പനി വേണ്ടെന്നുവെച്ചത്. 67 ബില്യൺ ഡോളറിന്റെ ഇടപാടിൽ നിന്നായിരുന്നു പിന്മാറ്റം. ലോകത്തെ അറിയപ്പെടുന്ന ആക്റ്റിവിസ്റ്റ് ഇൻവെസ്റ്ററായ നെൽസൺ പെൽറ്റ്സിന്റെ ട്രയാൻ പാർട്ണേർസ് യൂണിലിവറിലെ ഓഹരികൾ വാങ്ങിക്കൂട്ടുന്നുവെന്ന പ്രചാരണവും ഇതിനിടെ ഉയർന്നുവന്നിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യവർധക വസ്തുക്കളുടെ ഉൽപ്പാദകരാണ് യൂണിലിവർ.