മുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ലിഫ്റ്റ് തകര്‍ന്ന് ആറു പേര് മരിച്ചു. അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബല്‍കം ഏരിയയിലെ 40 നിലകളുളള റണ്‍വാള്‍ ഐറിന് എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
കെട്ടിടത്തിലെ വാട്ടര്‍പ്രൂഫിങ് ജോലികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലെ ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ താഴേക്ക് വരുന്നതിനിടെ ലിഫ്റ്റ് കയര്‍ പൊട്ടിയാണ് അപകടം. സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറു പേരുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.