റാബത്ത്: മൊറോക്കോ ഭൂചലനത്തിൽ മരണ സംഖ്യ 2122 ആയി. 2500 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണിത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മൊറോക്കൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പലയിടത്തും രക്ഷാപ്രവർത്തനം തുടരുകയാണ്. പൗരാണിക നഗരമായ മറാക്കിഷിലെ റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ പറ്റാത്തതാണ് പ്രധാന വെല്ലുവിളി. മൊറോക്കോയിലെ ആറ് പതിറ്റാണ്ട് കാലത്തെ ഏറ്റവും വിനാശകരമായ ഭൂകമ്പത്തെ അതിജീവിച്ചവരാകട്ടെ ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ തെരുവിലാണ്. പലരും തിരിച്ചുപോവാന്‍ ഭയന്ന് മൂന്ന് ദിവസമായി തെരുവില്‍ ഉറങ്ങുകയാണ്.
മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. മൊറോക്കോയില്‍ 1960ൽ 12000 പേരുടെ ജീവൻ നഷ്ടപ്പെട്ടമായ ഭൂകമ്പത്തിനു ശേഷമുള്ള ഏറ്റവും വിനാശകരമായ ഭൂചലനമാണിത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൌരാണിക നഗരങ്ങളും നിലംപൊത്തി.
മൊറോക്കോയിലെ വിവാഹ സൽക്കാരത്തിനിടെ പ്രകമ്പനം അനുഭവപ്പെടുന്നതിന്‍റെയും ആളുകൾ ചിതറി ഓടുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെന്ന് ഭൂചലനം നടക്കുമ്പോള്‍ മറകേഷിലുണ്ടായിരുന്ന കാസബ്ലാങ്ക നിവാസിയായ ഗന്നൂ നജെം എന്ന 80കാരി പറഞ്ഞു. വിനാശകരമായ ഭൂകമ്പങ്ങൾ അപൂർവ്വമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങൾ വേണ്ടത്ര മുന്‍കരുതലോടെ നിർമിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ബിൽ മക്ഗുയർ അഭിപ്രായപ്പെട്ടു.
കട്ടില്‍ പറന്നുപോകുന്നതുപോലെ തോന്നിയെന്ന് ഫ്രഞ്ച് പൌരനായ മൈക്കേല്‍ ബിസെറ്റ് പറഞ്ഞു. താന്‍ വസ്ത്രം പോലും ധരിക്കാന്‍ സമയമില്ലാതെ പുറത്തേക്ക് ഓടി. എല്ലായിടത്തും കേട്ടത് നിലയ്ക്കാത്ത അലമുറകളാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരി മിമി തിയോബോൾഡ് കണ്ണീരോടെ പറഞ്ഞു.
അതിനിടെ മൊറോക്കോയ്ക്ക് സഹായവുമായി സ്പെയിനും ഖത്തറും യുഎഇയും രംഗത്തെത്തി. തെരച്ചിൽ ഉപകരണങ്ങളും രക്ഷാപ്രവർത്തകരെയുമാണ് സ്പെയിൻ മൊറോക്കോയിലെത്തിച്ചത്. ഖത്തറും യുഎഇയും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ഫ്രാൻസും അമേരിക്കയും യൂറോപ്യൻ യൂണിയനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂകമ്പ ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.