ദില്ലി: ജി20 ഉച്ചകോടിയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി ശശി തരൂർ. സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം എന്ന് തരൂർ അഭിപ്രായപ്പെട്ടു. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂർ വ്യക്തമാക്കി. അതേ സമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂർ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ ശശി തരൂര്‍ എംപി അഭിനന്ദനമറിയിച്ചിരുന്നു. ജി20യില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിലായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.
നന്നായി അമിതാഭ് കാന്ത്! നിങ്ങൾ ഐഎഎസ് തെരഞ്ഞെടുത്തപ്പോൾ ഐഎഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമായെന്ന് തോന്നുന്നുവെന്നാണ് അമിതാഭ് കാന്തിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് ശശി തരൂര്‍ കുറിച്ചത്. കേരള കേഡറിലെ 1980 ബാച്ച് ഐഎഎസ് ഓഫീസറാണ് അമിതാഭ് കാന്ത്. യുക്രെയ്ൻ വിഷയത്തില്‍ 200 മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയത്. റഷ്യയുമായും ചൈനയുമായും ഒന്നിലധികം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയെന്നും അമിതാഭ് കാന്ത് പറഞ്ഞു. നീതി ആയോഗ് മുന്‍ സിഇഒ കൂടിയാണ് അമിതാഭ് കാന്ത്.