ദിസ്പൂർ: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശൈശവ വിവാഹത്തിനെതിരായ രണ്ടാം ഘട്ട നടപടി ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടാം ഘട്ടത്തിൽ 3,000 പേർ കൂടി അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് അസം സർക്കാർ ശൈശവ വിവാഹത്തിനെതിരെ നടപടി ശക്തമാക്കിയത്. ഒരു മാസത്തിനുള്ളിൽ 3141 പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച പുരുഷന്മാരും വിവാഹത്തിന് സൗകര്യമൊരുക്കിയ കുടുംബാംഗങ്ങളും മതനേതാക്കളും ഉൾപ്പെടുന്നു.
ഞായറാഴ്ച ഗുവാഹത്തിയിൽ ബി.ജെ.പി മഹിളാ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പരാമർശിച്ചത്. ആറുമാസം മുമ്പ് ശൈശവ വിവാഹത്തിന്റെ പേരിൽ 5000 പേരെ അറസ്റ്റ് ചെയ്തിരുന്നു. 10 ദിവസത്തിനുള്ളിൽ 3,000 പേർ കൂടി അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹം നിർത്തലാക്കാനുള്ള നിയമ നടപടികൾ കർശനമാക്കിയിട്ടും ഇത് തുടരുകയാണെങ്കിൽ പെൺകുട്ടികൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം തുടർന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം അറസ്റ്റിലായവരിൽ 62.24% മുസ്ലീങ്ങളാണെന്നും ബാക്കിയുള്ളവർ ഹിന്ദുക്കളും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരുമാണ്. 2026 ഓടെ അസമിൽ ശൈശവവിവാഹം പൂർണമായും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.