ന്യൂഡൽഹി: 61 കാരിയായ അഭിഭാഷകയെ കൊലപ്പെടുത്തിയതിനു ശേഷം 36 മണിക്കൂറോളം വീട്ടിലെ സ്റ്റോർ റൂമിൽ ഒളിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സുപ്രീംകോടതി അഭിഭാഷകയായ രേണു സിൻഹയുടെ മൃതദേഹം അവർ താമസിച്ചിരുന്ന ബംഗ്ലാവിന്റെ ബാത്റൂമിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് അവർ അവിടെ താമസിച്ചിരുന്നത്. ഇവരുടെ മകൻ വിദേശത്താണ്. രണ്ടുദിവസം മുമ്പ് രേണുവിനെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് കണ്ടപ്പോൾ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. ഭർത്താവ് നിതിൻ നാഥ് സിൻഹയെ കാണാനില്ലായിരുന്നു.
സിൻഹയുടെ ഫോൺ ട്രേസ് ചെയ്തപ്പോൾ അവസാന ലൊക്കേഷൻ അവരുടെ ബംഗ്ലാവ് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ബംഗ്ലാവിലെ സ്റ്റോർ മുറിയിൽ ഒളിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാവ് വിൽക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാവ് വിൽക്കാനായി നാഥ് ബ്രോക്കർമാരെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബംഗ്ലാവ് വിൽക്കാൻ അഭിഭാഷക തയാറായിരുന്നില്ല. ഇതെ ചൊല്ലി ഇവർ തമ്മിൽ നിരവധി തവണ തർക്കമുണ്ടായതായും പൊലീസ് കണ്ടെത്തി.