കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തോളം റിമാന്റിൽ കഴിഞ്ഞിരുന്ന അയൽവാസിയായ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊല്ലം കണ്ണനല്ലൂരിലെ വിവാദമായ കേസിലാണ് ഹൈക്കോടതി നടപടി. കേസിൽ അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും കണക്കിലെടുത്ത കോടതി, വിചാരണ തീരാൻ സമയമെടുക്കുമെന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കൊല്ലം കണ്ണനല്ലൂർ പൊലീസ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. അരലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന ഉപാധിയോടെ പുറപ്പെടുവിച്ച ജാമ്യ ഉത്തരവിൽ പ്രതി കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യ ഉപാധികൾ പ്രതി ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയെ സമീപിക്കാം.
20 കാരിയായ അതിജീവിത 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അയൽവാസിയായ പ്രതി യുവതിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 22 നാണ് പ്രതിയെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെ സ്വാധീനിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ വാദിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിയോട് കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടത്. കേസിൽ പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ് റിഷാബ്, റിജോ ഡോമി, അരവിന്ദ് അനിൽ, പരീത് ലുതുഫിൻ, അരുൺ പ്രസാദ്, ലിജിൻ ഫെലിക്സ്, അമൽ മേനോൻ, അഖിൽ അലക്സിയോസ് എന്നിവരാണ് ഹാജരായത്.