പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന അത്ഭുത ഭക്ഷ്യകൂട്ടാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.
ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഇഞ്ചി നല്ലതാണ്. ഇഞ്ചി തേനിനൊപ്പം ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. ഇഞ്ചി തേന്‍, പഞ്ചസാര എന്നിവയൊടൊപ്പം ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകെളെ തടയാന്‍ സഹായിക്കും.
തലമുടിയുടെ ആരോഗ്യത്തിനായും ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തം തലയോട്ടിലെ രക്തചക്രമണത്തിന് ഉത്തേജനം നൽകുകയും തലമുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. വിറ്റാമിനുകളും മറ്റും അടങ്ങിയ ഇഞ്ചി തലമുടിയിലെ കേടുകള്‍ പരിഹരിക്കാനും സഹായിക്കും. ഒപ്പം നല്ല നീളമുള്ള തലമുടി വളരാനും ഇഞ്ചി ഗുണം ചെയ്യും. ഇതിനായി ഇഞ്ചി നീര് തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇഞ്ചി നീര് ഒലീവ് ഓയിലിനൊപ്പമോ വെളിച്ചെണ്ണയ്ക്കൊപ്പമോ ചേര്‍ത്ത് തലമുടിയിലും തലയോട്ടിയിലും പുരട്ടുന്നതും തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും നല്ലതാണ്.
താരനെ തടയാനും ഇഞ്ചി കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ സഹായിക്കും. ഇതിനായി ഷാംപൂവിനൊപ്പം ഇഞ്ചി നീര് കൂടി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. അതുപോലെ ഒരു സവാള മിക്സിയിൽ അരച്ച് നീര് പിഴിഞ്ഞെടുക്കുക.ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി നീര് കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറോളം കാത്തിരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. കേടായ മുടിയിഴകളെ നന്നാക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.