തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനില്‍ 500 രൂപയുടെ കള്ളനോട്ട് നല്‍കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. മുള്ളൂര്‍ക്കര എസ്എന്‍ നഗറില്‍ പറക്കുന്നത്ത് വീട്ടില്‍ സുനില്‍ (32) ആണ് പിടിയിലായത്. സെപ്തംബര്‍ നാലിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാന്റിനില്‍ മൂന്ന് അംഗ സംഘം 500 രൂപയുടെ കള്ളനോട്ടുമായി എത്തിയത്. സംഘം കുപ്പിവെള്ളം വാങ്ങാന്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ടാണെന്ന് മനസിലായതോടെ കാന്റിന്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ കാന്റീന്‍ ജീവനക്കാരും നാട്ടുകാരും ആശുപത്രി സുരക്ഷ ജീവനക്കാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഓണത്തിന് ശമ്പളം ഇനത്തില്‍ വടക്കാഞ്ചേരിയിലെ സ്ഥാപനത്തില്‍ നിന്നും ലഭിച്ച പണമാണിതെന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചതോടെ കേസിലെ മുഖ്യപ്രതിയായ സുനില്‍ ഒളിവില്‍ പോവുകയായിരുന്നു.
സുനിലിന്റെ കൈവശത്ത് നിന്ന് സ്‌കാനറും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സുനിലിന്റെ വീട്ടില്‍ വച്ചണ് കള്ളനോട്ട് അടിച്ചത്. മുമ്പ് പിടിയിലായ ജിഷ്ണുവാണ് നോട്ടടിക്കുള്ള സാങ്കേതികസംവിധാനങ്ങള്‍ തയ്യാറാക്കിയത്. ഉപകരണങ്ങള്‍ സുനിലും നല്‍കി. മറ്റു പ്രതികളുടെ സഹായത്തോടെ നോട്ടുകള്‍ വിപണിയിലും ഇറക്കിയിരുന്നു. മെഡിക്കല്‍ കോളേജ് സംഭവത്തിന് ഒരു മാസം മുന്‍പ് തന്നെ ഇവര്‍ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജില്ലയില്‍ വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യാനുള്ള നീക്കമാണ് മെഡിക്കല്‍ കോളേജ് സംഭവത്തോടെ പൊളിഞ്ഞത്. പ്രതികളില്‍ നിന്ന് മൂന്ന് കള്ളനോട്ട് മാത്രമാണ് പൊലീസിന് ലഭിച്ചത്. നോട്ട് വിതരണത്തിന് കൂടുതല്‍ ആളുകളെ സംഘം സജ്ജമാക്കിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഇവര്‍ തീവ്രവാദ ബന്ധമുള്ള സംഘടനയില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.