മഞ്ചേരി: പതിനാലു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ അതിവേഗ കോടതി 63 വർഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി 20 വർഷത്തെ കഠിനതടവ് അനുഭവിച്ചാൽ മതി. പോക്‌സോ ആക്ടിലെ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.
പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. 2020 മുതൽ 2022 ജൂൺ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗൺസലിങ്ങിനിടെ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞതോടെയാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ 2022 ജൂൺ 29ന് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന പൊലീസ് അപേക്ഷപ്രകാരം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.
പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. എ. സോമസുന്ദരനായിരുന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ എൻ. സൽമ, പി. ഷാജിമോൾ എന്നിവരായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫിസർമാർ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.