കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ വാഹനം ഥാറിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങളും ലേല നടപടികളും അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി. ലേല നടപടികള്‍ ഗുരുവായൂര്‍ ദേവസ്വം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹിന്ദു സേവാകേന്ദ്രം നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജി ഫെബ്രുവരി 22 നു വീണ്ടും പരിഗണിക്കും. ഗുരുവായൂര്‍ ദേവസ്വം ചട്ടപ്രകാരം 5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ ലേലം ചെയ്യണമെങ്കില്‍ ദേവസ്വം കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്നു ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം കമ്മിഷണറുടെ അനുമതിയില്ലാതെയും ദേവസ്വം കമ്മിറ്റി തീരുമാനം എടുക്കാതെയുമാണു ലേലം നടത്തിയത്. ഗുരുവായൂര്‍ ദേവസ്വം ചട്ടപ്രകാരം ഇതിനുള്ള അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ക്കില്ല. ദേവസ്വം മാനേജിങ് കമ്മിറ്റിക്കു മാത്രമാണ് അധികാരം. ഡിസംബര്‍ എട്ടിനാണു മഹീന്ദ്ര ഗ്രൂപ്പ് ഡയറക്ടര്‍ ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്.
ഥാര്‍ കാര്‍ ലേലം ചെയ്തതിനെതിരെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദേവസ്വത്തോടു ലേലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ ഹൈക്കോടതി ഉത്തരവു വരുന്നതു വരെ കാറിന്റെ കൈമാറ്റം നടക്കില്ലെന്ന് ഉറപ്പായി.