വാളയാർ> കേരളത്തിൽ വീണ്ടും നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട്. കോയമ്പത്തൂർ, ചാവടി ഉൾപ്പെടെയുള്ള അതിർത്തികളിലാണ് തമിഴ്നാട് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കേരളത്തിൽ നിന്നുള്ള മുഴുവൻ യാത്രാ വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നുള്ളു.പരിശോധനയുടെ ഭാഗമായി ദേശീയപാതയിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ സർവീസ് റോഡിലൂടെ തിരിച്ചു വിടുന്നുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും തെർമോമീറ്റർ ഉപയോഗിച്ച് ഊഷ്മാവ് പരിശോധിക്കുന്നുമുണ്ട്. പനി ലക്ഷണങ്ങളായി എത്തുന്നവരുടെ വിവരം പ്രത്യേകം രേഖപ്പെടുത്തുന്നുമുണ്ട്. ചരക്കുവാഹനങ്ങൾ, ആംബുലൻസടക്കം ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളുമായെത്തുന്ന വാഹനങ്ങൾ എന്നിവ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.