സോളാർ കേസിൽ ഉമ്മന്‍ ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ വലിയ തോതിലുള്ള ചര്‍ച്ചകൾ നടക്കുകയാണ്. ഈ അവസരത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന വേളയിൽ അദ്ദേഹത്തെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദാ പുണ്യാളനെ പോലെ തന്നെ നിങ്ങൾക്ക് മറ്റൊരു പുണ്യാളൻ കൂടി നിങ്ങൾക്കുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി. പലപ്പോഴും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കോ, രാഷ്ട്രീയ വിശ്വാസങ്ങൾക്കോ, രാഷ്ട്രീയ അഭിപ്രായങ്ങൾക്കോ അപ്പുറത്ത് ഞങ്ങൾ തമ്മിലൊരു സൗഹൃദം ഉണ്ട്”, എന്നാണ് വീഡിയോയിൽ മമ്മൂട്ടി പറയുന്നത്.
“ഒരു പതിറ്റാണ്ട് മുൻപ് ഏതാനും ചില ദുഷ്ട ശക്തികൾ സോളാർ എന്ന കള്ളകഥ ഉണ്ടാക്കി ആ മനുഷ്യനെ കള്ളൻ എന്നും കൊള്ളരുതാത്തവൻ എന്നും വിളിച്ചപ്പോൾ പുതുപ്പള്ളിയിൽ കൂടി നിന്ന ജനങ്ങളോട് മമ്മൂട്ടി എന്ന മനുഷ്യൻ വിളിച്ചുപറഞ്ഞു, ” പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദാ കഴിഞ്ഞാൽ മറ്റൊരു പുണ്യാളൻ ഉണ്ട്.. ഉമ്മൻചാണ്ടി എന്നാണ് പേര് “.. ഉമ്മൻചാണ്ടി എന്ന മനുഷ്യനെ മമ്മൂട്ടി എന്ന മനുഷ്യൻ ആദ്യമായി പുണ്യാളൻ എന്ന് വിളിക്കുമ്പോൾ ആ ഉമ്മൻചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു. ഇന്ന് ഉമ്മൻചാണ്ടിസാർ ഓർമ്മയായി കഴിഞ്ഞപ്പോൾ ശത്രുകൾ പോലും പറയുന്നു, “അദ്ദേഹമൊരു പുണ്യാളൻ തന്നെ ആയിരുന്നു” അല്ലെങ്കിലും ആളെ തിരിച്ചറിയാൻ മമ്മൂക്ക കഴിഞ്ഞിട്ടേ ആളുള്ളൂ”, എന്നാണ് റോബർട്ട് വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. റോബി വര്‍ഗീസ് രാജ് ആണ സംവിധാനം. ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വേറിട്ട ലുക്കില്‍ നടന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്.