ഭോപ്പാല്‍: ആട് മേയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ആട് മേയ്ക്കുന്നതിനെ ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ യോഗം ചേര്‍ന്നപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ യുവാക്കളും ഒരാള്‍ വയോധികനുമാണ്.
ദാംഗി, പാൽ എന്നീ രണ്ട് സമുദായങ്ങളില്‍ പെട്ടവരാണ് തര്‍ക്കം പരിഹരിക്കാന്‍ യോഗം ചേര്‍ന്നതെന്ന് ദാത്തിയ പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു. ബുധനാഴ്ചയായിരുന്നു യോഗം. പക്ഷെ യോഗത്തിനിടയിലും വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റം അക്രമാസക്തമായി മാറുകയും വെടിവെപ്പ് ഉണ്ടാവുകയും ചെയ്തെന്ന് എസ്പി പറഞ്ഞു. പ്രകാശ് ദാംഗി, രാംനരേഷ് ദാംഗി, സുരേന്ദ്ര ദാംഗി, രാജേന്ദ്ര പാൽ, രാഘവേന്ദ്ര പാൽ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെട്ട അഞ്ച് പേരില്‍ നാല് പേർക്ക് 40ല്‍ താഴെയാണ് പ്രായം. ഒരാള്‍ക്ക് 70 വയസ്സിന് മുകളില്‍ പ്രായമുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.