ബെംഗളുരു : കർണാടകത്തിൽ 2019-ൽ ബി.ജെ.പി. ഭരണം പിടിച്ച ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസിൽ നിന്ന് രാജിവെച്ച് വന്ന് മന്ത്രിമാരായവർ തിരിച്ചുപോകാനുള്ള നീക്കം തുടങ്ങിയതായി മുതിർന്ന ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ. അദ്ദേഹത്തിന്റെ പ്രസ്താവന വന്നതതിനു പിന്നാലെ പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിനായി ചിലർ താനുമായി ബന്ധപ്പെട്ടെന്ന സ്ഥിരീകരണവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. ഇത് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിന് തലവേദനയായി. ബി.ജെ.പി. യുടെ പല എം.എൽ.എ. മാരും കോൺഗ്രസിൽ ചേരുന്നതിന് ഒരുങ്ങുകയാണെന്ന് യത്‌നൽ പറഞ്ഞു. അവർ സിദ്ധരാമയ്യയുടെയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെയും അടുത്തു പോയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് വന്ന് മന്ത്രിമാരായവർ അടുത്ത തെരഞ്ഞെടുപ്പു വരുമ്പോൾ തിരിച്ചുപോകും.
ഇവർ മന്ത്രിമാരായി തുടർന്നാൽ ബി.ജെ.പി. എങ്ങനെയാണ് അതിജീവിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബൊമ്മെ മന്ത്രിസഭയുടെ വികസനം നീണ്ടുപോകുന്നതിനെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം ഈ ആരോപണമുന്നയിച്ചത്. മന്ത്രിസഭാവികസനം ഉടൻ നടത്തി പുതിയ എം.എൽ.എ.മാർക്ക് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2019-ലെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യ സർക്കാരിൽനിന്ന് 17 എം.എൽ.എ.മാരെ രാജിവെപ്പിച്ച് മറുകണ്ടം ചാടിച്ചാണ് ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പി. യ്ക്ക് കഴിഞ്ഞത്.