ചെന്നൈ: ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണ്. നാലോ, അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രം സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കില്ലെന്നും ഉദയനിധി പറഞ്ഞു.
നേരത്തെ, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഹിന്ദി ഭാഷക്ക് പ്രധാന പങ്കുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ കാലം മുതൽ ഇന്ന് വരെ അത് തുടരുകയാണ്. ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നതിന്‍റെ പേരാണ് ഹിന്ദിയെന്നും ഹിന്ദി ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരുന്നു.
‘ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു -പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’, പതിവുപോലെ ഹിന്ദി ഭാഷയോടുള്ള സ്നേഹം ചൊരിഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന നിലവിളിയുടെ ഒരു ബദൽ രൂപമാണ് ഈ ആശയം. തമിഴ്‌നാട്ടിൽ തമിഴ് -കേരളത്തിൽ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? എവിടെയാണ് ശാക്തീകരിക്കുന്നത്?’ -ഉദയനിധി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി ഭാഷ രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണ്. ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണമെന്നും ഉദയനിധി വ്യക്തമാക്കി. ‘ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം’ എന്ന ഹാഷ് ടാഗോടെയാണ് ഉദയനിധിയുടെ കുറിപ്പ് അവസാനിക്കുന്നത്.