തിരുവനന്തപുരം: കേരളത്തിലോടുന്ന നാല് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള റെയിൽവേയുടെ നീക്കത്തിൽ പ്രതിഷേധം ശക്തം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരമായി തേർഡ് എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരു. മലബാർ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എന്നീ ട്രെയിനുകളിലാണ് പുതിയ പരിഷ്കാരം. നാലും ദീർഘ ദൂര യാത്രകൾക്ക് ഉൾപ്പടെ സാധരണക്കാർ ഏറെ ആശ്രയിക്കുന്നവ. ട്രെയിനുകളിൽ ഒരു സ്ലീപ്പർ കോച്ച് ഒഴിവാക്കി തേർഡ് എ.സി കോച്ച് ഒരുങ്ങും. റെയിൽവേക്ക് ഇരട്ടി തുക ലഭിക്കുമെങ്കിലും പുതിയ തീരുമാനം യാത്രാ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഉയരുന്ന വിമർശനം.
റെയിൽവേയുടെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈ മാസം 18 മുതൽ കോച്ചുകളിൽ മാറ്റമുണ്ടാകും. കൂടുതൽ ട്രെയിനുകളിൽ ഇത് നടപ്പിലാക്കാനാണ് റെയിൽവേയുടെ നീക്കം.