വിമാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് പരാതിക്കാരിക്ക് 30,793 യൂറോ (ഏകദേശം 27 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ റിയാന്‍ എയറിന് എതിരെ വിധി. പേര് വെളിപ്പെടുത്താത്ത സ്ത്രീ 2020 ഫെബ്രുവരിയിൽ തന്‍റെ നവജാതനായ കൊച്ചുമകനെ കാണാൻ സെവില്ലിൽ നിന്ന് സ്പെയിനിലെ അലികാന്‍റെയിലേക്ക് പോകുമ്പോഴാണ് സംഭവം. വിമാനത്തില്‍ നിന്നുള്ള പടിക്കെട്ടുകള്‍ ഇറങ്ങവെ ഇവര്‍ താഴേക്ക് വീഴുകയും കാലിന് പൊട്ടല്‍ സംഭവിക്കുകയുമായിരുന്നു. പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഇവരുടെ ബാഗ് കൈയിലുണ്ടായിരുന്നു. എന്നാല്‍, പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയും രണ്ടാമത്തെ പടിയില്‍ നിന്ന് ഇവര്‍ താഴേക്ക് വീഴുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമമായ എൽ പെരിയോഡിക്കോ റിപ്പോര്‍ട്ട് ചെയ്തു.
കാലെല്ലില്‍ പെട്ടലുണ്ടായതിനെ തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെയാണ് ഇവര്‍ വിമാനക്കമ്പനികള്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കിയത്. 31,230 യൂറോയാണ് (ഏകദേശം 28 ലക്ഷം രൂപ) ഇവര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, താമസ, ഫാർമസി ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായുള്ള അവളുടെ അപേക്ഷ കോടതി നിരസിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് 30,793 യൂറോ നല്‍കാന്‍ വിധിയായത്. അതേസമയം, റയാൻ എയർ വിമാനങ്ങളിൽ കയറാനും ഇറങ്ങാനും മൊബൈൽ പടികൾ നൽകണമെന്ന നിബന്ധന ഒഴിവാക്കുന്നതിനാൽ ചെലവ് കുറയ്ക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പിൻവലിക്കാവുന്ന പടവുകൾ സജ്ജീകരിച്ചിരുന്നു.
കേസിന്‍റെ വിചാരണയ്ക്കിടെ, സംഭവത്തിൽ ഉൾപ്പെട്ട വിമാനത്തിന്‍റെ പടവുകള്‍ ഇടുങ്ങിയതും കുത്തനെയുള്ളതുമാണെന്ന് സെവില്ലെയിലെ വാണിജ്യ കോടതിയിലെ ജഡ്ജി കണ്ടെത്തി. ഇത്രയും ഇടുങ്ങിയതും കുത്തനെയുള്ളതുമായ പടവുകളാണ് ഇവരുടെ വീഴ്ചയ്ക്ക് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, പടവുകള്‍ മികച്ച നിലയിലാണെന്ന് കമ്പനി അധികൃതര്‍ വാദിച്ചു. ഇറങ്ങുന്നതിന് മുമ്പ് യാത്രക്കാർക്ക് അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. യാത്രക്കാരി കൈയില്‍ ലഗേജ് കരുതിയിരുന്നെന്ന് അവകാശപ്പെട്ട രണ്ട് ജീവനക്കാരുടെ സാക്ഷ്യപത്രവും കമ്പനി ഹാജരാക്കിയിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ വീഴ്ചയുടെ ഉത്തരവാദിത്വം വിമാനക്കമ്പനിക്കാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.