കൊച്ചി : വല്ലം സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ ജനാഭിമുഖ കുർബാന തുടരാത്തതിനെതിരേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് മതബോധന അധ്യാപിക. പാരിഷ് കൗൺസിൽ അംഗം കൂടിയായ അൽഫോൺസ വർഗീസാണ് ഇടവകയെ ആത്മീയ അധഃപതനത്തിൽനിന്നു രക്ഷിക്കാൻ വികാരിയച്ചനെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പള്ളി അങ്കണത്തിൽ നിരാഹാരം തുടങ്ങിയത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള വല്ലം ഫൊറോന പരിധിയിലാണ് തോട്ടുവ പള്ളി. അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ജനാഭിമുഖ കുർബാന അർപ്പിച്ചാൽ മതിയെന്നുള്ള സർക്കുലർ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പള്ളിയിലെ വികാരിയച്ചൻ ഇത് നടപ്പാക്കാൻ സന്നദ്ധത കാണിക്കുന്നില്ലെന്നും ഞായറാഴ്ച കുർബാന നടത്താതെ പള്ളി അടച്ചിട്ടുവെന്നും ആരോപിച്ചാണ് അൽഫോൺസ വർഗീസ് നിരാഹാരം നടത്തുന്നത്.
പള്ളിയിൽ ജനാഭിമുഖ കുർബാന നടത്തണമെന്നാവശ്യപ്പെട്ട് അൽഫോൺസ ഉൾപ്പെടെ നാലുപേർ വികാരിയെ നേരത്തേ ചെന്നു കണ്ടെങ്കിലും ഇവർക്കെതിരേ വ്യാജ കേസ് നൽകിയെന്നും അൽഫോൺസ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വികാരിയച്ചനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് അൽഫോൺസ നിരാഹാരം തുടങ്ങിയത്.