കൊച്ചി∙ സോളർ കേസിനു പിന്നിൽ സിപിഎം നടത്തിയ ഗൂഢാലോചനയാണെന്ന് ആവർത്തിച്ചും, തുടരന്വേഷണത്തിന്റെ കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് വ്യക്തമാക്കിയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അന്നത്തെ യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ് സോളർ കേസ് എന്ന് ചെന്നിത്തല ആരോപിച്ചു. ആ ഗൂഢാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഈ വിഷയം ഉന്നയിച്ച് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.‘‘സിപിഎമ്മിന്റെ കളിയായിരുന്നു ഇതു മുഴുവൻ. സോളർ കേസ് സിപിഎം അന്നത്തെ യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ്. അതിന്റെ വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആ ഗൂഢാലോചനയുടെ മുഖ്യമായ ഉത്തരവാദിത്തം മുഖ്യമന്ത്രിയിലാണ് വന്നിരിക്കുന്നത്. അതാണ് പ്രധാനപ്പെട്ട കാര്യം. അതു ജനങ്ങൾക്കു ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകും.
ഇപ്പോൾത്തന്നെ അന്വേഷണം നടത്തിയല്ലോ. ഇനി വേണോ എന്നുള്ള കാര്യം ഞങ്ങൾ കൂട്ടായി ആലോചിച്ച് അക്കാര്യത്തിൽ എന്തു നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. അത് പ്രതിപക്ഷ നേതാവും പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ഉമ്മൻ ചാണ്ടി കൊടുത്ത മൂന്ന് അപകീർത്തി കേസുകൾ നിലവിലുണ്ട്. അതിന്റെ ബാക്കി കാര്യങ്ങൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും.
എന്തായാലും തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടാകില്ല. ഈ സർക്കാരിനെക്കുറിച്ചും അതിനെ നയിക്കുന്നവരെക്കുറിച്ചും ജനങ്ങൾക്കു യാതൊരു മതിപ്പുമില്ല. കേരളത്തിലെ ജനങ്ങൾക്കായി ഒരു നന്മയും ചെയ്യാത്ത സർക്കാരാണ് ഇത്. ജനങ്ങൾ ഈ സർക്കാരിനെ മടുത്തിരിക്കുന്നു. കിറ്റ് കൊടുത്ത് അധികാരത്തിൽ വന്ന സർക്കാരാണ്. എന്നിട്ട് ഇത്തവണ ഓണത്തിന് കിറ്റ് പോലും കൊടുത്തില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുന്നു. സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഈ സർക്കാരിനെതിരെ ശക്തമായ പോരാട്ടവുമായി ഞങ്ങൾ മുന്നോട്ടു പോകും. അതാണ് യുഡിഎഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സോളർ കേസിന്റെ കാര്യത്തിൽ അന്വേഷണം വേണോയെന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതേ അഭിപ്രായമാണ് എനിക്കും. – ചെന്നിത്തല വിശദീകരിച്ചു.