മൈസൂരു. : പി.ജി. വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എച്ച്.ഐ.എം.എസ്.) അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു. ഡോ. എച്ച്.സി. ലോകേഷിനെയാണ് മെഡിക്കൽ എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി നവീൻരാജ് സിങ് ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്. മെഡിക്കൽ കോളേജിൽവെച്ച് ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ ലൈംഗികാതിക്രമം നടത്തുകയും പുറത്തുപറഞ്ഞാൽ അനന്തരഫലം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വിദ്യാർഥിനിയുടെ പരാതി. ജനുവരി 12-നാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹാസൻ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ കവിതാ രാജാറാം, എച്ച്.ഐ.എം.എസ്. അഡ്മിനിസ്ട്രേറ്റർ ഗിരീഷ് നന്ദൻ എന്നിവരോട് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.
അതേസമയം സംഭവദിവസംതന്നെ വിദ്യാർഥിനി പരാതിപ്പെട്ടിട്ടും ഡോ. ലോകേഷിനെതിരേ എച്ച്.ഐ.എം.എസ്. ഡയറക്ടർ ഡോ. രവികുമാർ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. സംഭവം ഒത്തുതീർപ്പാക്കാനാണ് ഡയറക്ടർ ശ്രമിച്ചതെന്ന് എച്ച്.ഐ.എം.എസ്. ജീവനക്കാർ പറയുന്നു. ഇതേത്തുടർന്നാണ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ സെക്രട്ടറി സസ്പെൻഷൻ ഉത്തരവിറക്കിയത്. ഡയറക്ടറുടെ അനുമതിയില്ലാതെ ഡോ. ലോകേഷ് ഹാസൻ വിട്ടുപോകരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും നിശ്ചിതസമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ കവിത പറഞ്ഞു. വിഷയത്തിൽ ഡോ. ലോകേഷിനെതിരേ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. വിദ്യാർഥികൾ ഹാസനിൽ പ്രതിഷേധം നടത്തി.