കോഴിക്കോട്: വീടുകളിൽനിന്ന് പുറത്തിറങ്ങാൻ ഭയക്കുന്ന ജനം, വിജനമായ കവലകൾ, ആരാധനാലയങ്ങൾ, ഹോണടി നിലച്ച റോഡുകൾ… നിഗൂഢ കഥകളിലെ ഒറ്റപ്പെട്ട തുരുത്തുകൾപോലെയാണ് കോഴിക്കോടിന്‍റെ കിഴക്കൻ മലയോരമേഖല ഇപ്പോൾ. അഞ്ചു വർഷം മുമ്പ് വന്നുപെട്ട നിപ ഇന്നും വേട്ടയാടുമ്പോൾ നിസ്സഹായരാവുകയാണ് കുറ്റ്യാടിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ. പകർച്ചവ്യാധിയെ പിടിച്ചുകെട്ടാൻ അടിച്ചേൽപിക്കപ്പെട്ട നിയന്ത്രണം എന്നതിനെക്കാളുപരി അവർ സ്വയം പ്രതിരോധം സ്വീകരിക്കുമ്പോഴും ദൈനംദിന ജീവിതം ഏറെ ദുഷ്‍കരമാവുകയാണ്.നിപ റിപ്പോർട്ട് ചെയ്യപ്പെട്ട ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളായ കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ, ചങ്ങരോത്ത്, പുറമേരി പഞ്ചായത്തുകളിലും നിരവധി വാർഡുകളുമാണ് അടച്ചുപൂട്ടിയിരിക്കുന്നത്. കോവിഡ് ലോക്ഡൗണിലേതിനേക്കാളും കർശന നിയന്ത്രണങ്ങളാണിവിടങ്ങളിൽ. ആദ്യ ദിവസങ്ങളിൽ കുറച്ചു വാഹനങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിലും ഇപ്പോൾ പൂർണമായും സ്തംഭിച്ചു. ആളുകൾ കൂട്ടംകൂടുന്നത് കർശന വിലക്കുള്ളതിനാൽ പള്ളികളിൽ വെള്ളിയാഴ്ച നമസ്കാരം നടത്തിയിട്ടില്ല. വെള്ളിയാഴ്ച പള്ളികളിൽനിന്ന് മുഅദ്ദിൻ ബാങ്ക് വിളിച്ച്, നമസ്കരിച്ച് മടങ്ങി.
ഭയംകാരണം ജനം അങ്ങാടികളിലേക്കിറങ്ങുന്നില്ല. കുറ്റ്യാടി ടൗണിലൂടെ കഴിഞ്ഞ ദിവസംവരെ സ്വകാര്യ ബസുകൾ കടന്നുപോയിരുന്നെങ്കിലും വെള്ളിയാഴ്ച അതും നിലച്ചമട്ടാണ്. ആയഞ്ചേരി ടൗൺ ലോക്ഡൗൺ പ്രദേശം അല്ലെങ്കിലും വിജനമാണ്. മരുതോങ്കരയിൽ നിപ ബാധിച്ച് മരണപ്പെട്ട മുഹമ്മദലി, ആയഞ്ചേരിയിലെ ഹാരിസ് എന്നിവരുടെ മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സഹപാഠികളും അധ്യാപകരും നിരീക്ഷണത്തിലാണ്. അത്യാവശ്യത്തിനുപോലും ആശുപത്രികളിലേക്ക് പോവാൻ ജനം മടിക്കുന്നു. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് സന്നദ്ധപ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ആർ.ആർ.ടി വളന്റിയർമാരുമാണ് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നത്.
–
സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോമിന് അവസരം ലഭിക്കുമെന്നത് ആശ്വാസകരമാണ്. എന്നാൽ, സാധാരണക്കാർക്കു മുന്നിൽ ജീവിതം ചോദ്യചിഹ്നമാവുകയാണ്. ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് ജോലിക്ക് പോവാൻ കഴിയാത്തതും പ്രതിസന്ധിക്കിടയാക്കുന്നു.
ദിവസം കഴിയുംതോറും നിത്യജീവിതത്തിനുള്ള വക എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണിവർ. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും ഏറെ പ്രയാസത്തിലാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്നതിനാൽ മറ്റ് വ്യാപാരികളും പ്രയാസം നേരിടുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിച്ച് പണിയെടുക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളും ജോലിക്കുപോവാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.