ന്യൂഡൽഹി : സ്വന്തം പാളയത്തിലെ നേതാക്കൾക്ക് ബഹുമതിനൽകുന്ന പതിവിനൊപ്പം എതിർപാളയത്തിലെ പ്രതിനിധികളേയും കണ്ടെത്തി രാഷ്ട്രീയരംഗത്ത് അമ്പരപ്പുണ്ടാക്കുന്ന രാഷ്ട്രീയതന്ത്രം ഇക്കുറി പദ്മ പുരസ്കാരപട്ടികയിൽ വ്യക്തം. പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമാണ് ഇത്തവണത്തെ പദ്മ പുരസ്കാരപട്ടികയിലെ അമ്പരപ്പിക്കുന്ന പേരുകൾ. മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്ക് ഉന്നത ബഹുമതി നൽകി കോൺഗ്രസിനെ മോദി സർക്കാർ അമ്പരപ്പിച്ചിരുന്നു. പദ്മ പുരസ്കാരപരമ്പരയിൽ രണ്ടാംതലത്തിൽ നിൽക്കുന്ന പദ്മവിഭൂഷണിന് കമ്യൂണിസ്റ്റ് നേതാവായ ബുദ്ധദേവിനെയും കോൺഗ്രസ് നേതാവായ ഗുലാംനബി ആസാദിനെയും തിരഞ്ഞെടുത്തത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. ബുദ്ധദേവ് നിരസിച്ചെങ്കിലും പുരസ്കാര പ്രഖ്യാപനത്തിലൂടെ സർക്കാർ ലക്ഷ്യംനേടി.
കമ്യൂണിസ്റ്റ് നേതാക്കൾക്ക് നേരത്തേയും സർക്കാരുകൾ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും അവർ സ്വീകരിച്ചിട്ടില്ല. ഹിരൺ മുഖർജി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു തുടങ്ങിയവർക്ക് നേരത്തേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവരും നിരസിക്കുകയായിരുന്നു. ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന ഗുലാംനബി ആസാദിന് നൽകിയ പുരസ്കാരം കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്. കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രധാനിയാണ് ആസാദ്. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വികാരപരമായ പ്രസംഗം വാർത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരിൽ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മുൻ മുഖ്യമന്ത്രിയും പിന്നാക്ക വിഭാഗം നേതാവുമായിരുന്ന കല്യാൺ സിങ്ങിന് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈന്ദവാശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായ ഗീതാ പ്രസ്സിന്റെ ചെയർമാനായിരുന്ന രാധേശ്യാം ഖേംഖയ്ക്കുള്ള മരണാനന്തര പുരസ്കാരത്തിനും രാഷ്ട്രീയപശ്ചാത്തലമുണ്ട്.