അടൂർ (പത്തനംതിട്ട)∙ തിരുവോണ ദിവസം അടൂർ പൊലീസ് ക്വാർട്ടേഴ്സിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടു. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പെൺസുഹൃത്തിനെ ക്വാർട്ടേഴ്സിൽ കൊണ്ടുവന്നതിനെ അടുത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന പന്തളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്.ഇതു കയ്യാങ്കളിയുടെ വക്കോളമെത്തി. ഇതിനിടിയിൽ പെൺസുഹൃത്ത് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. മറ്റുള്ള പൊലീസുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ തർക്കം പുറത്തറിഞ്ഞതോടെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത് അടൂർ ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കു നൽകിയതായാണ് സൂചന.