ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് പ്രാദേശിക ഭരണകൂടം അനുമതി നൽകി. ധാർവാഡ്-ഹുബ്ബള്ളി സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡ്ഡി വെള്ളിയാഴ്ച രാത്രിയാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ നടത്താനുള്ള അനുമതി കത്ത് കൈമാറിയത്.
നേരത്തേ അനുമതി നൽകണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ അരവിന്ദ് ബെല്ലാഡിന്റെയും മഹേഷ് തെങ്ങിന്റകായുടെയും നേതൃത്വത്തിൽ ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോലീസ് കമ്മീഷണർ ഉമാ സുകുമാരനും പോലീസ് സേനയും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം റോഡ് ഉപരോധം അവസാനിക്കുകയായിരുന്നു.
ഈദ്ഗാഹ് മൈതാന പരിസരത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനും എതിരെ സമർപ്പിച്ച ഹർജി നേരത്തെ കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് റദ്ദാക്കിയിരുന്നു. ഗണേശോത്സവം ആഘോഷിക്കാൻ അനുമതി നൽകിയ ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ അഞ്ജുമാൻ-ഇ-ഇസ്ലാം സംഘടനയാണ് കോടതിയെ സമീപിച്ചത്.