തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവഗണന തുടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനം ഇതുവരെയും നടപ്പായില്ല. ശസ്ത്രക്രിയയ്ക്കുശേഷം ലഭിക്കേണ്ട ആനുകൂല്യം സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ലെന്നാണ് പരാതി. തുടര്‍ ചികിത്സ കൃത്യമായി ലഭിക്കാത്തതില്‍ പ്രതിസന്ധിയെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറയുന്നു. ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണം തുടരുകയാണെന്നും പരാതിയുയരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിഷയത്തില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല. നേരത്തേ സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്നും ഇതിനായി നിയോഗിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിഗണനയിലാണെന്നും ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ചികിത്സാ കാര്യത്തില്‍ ഇതുവരെയും കാര്യമായ തുടര്‍ നടപടികളുണ്ടായില്ല. ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന വിഷയങ്ങള്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് വിളിച്ച് ചേര്‍ത്ത യോഗം പരിശോധിച്ചിരുന്നു. അനന്യ ആത്മഹത്യ ചെയ്തത് ശസ്ത്രക്രിയയിലെ പിഴവുകളാണെന്ന് ചൂണ്ടിക്കാട്ടി അനന്യയുടെ സുഹൃത്തുക്കള്‍ റെനെ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നീതി തേടി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സര്‍ക്കാരിനെ സമീപിച്ചത്.