ന്യൂഡൽഹി: നിപ കേസുകൾ റിപോർട്ട് ചെയ്ത കേരളത്തിൽ എത് സാഹചര്യവും നേരിടാൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബി.എസ്.എൽ 3 ലബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വൈറസ് ബാധ അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും ബിഎസ്എൽ-3 ലബോറട്ടറി സൗകര്യം ബസ്സുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്ത് പുതിയ നിപ കേസുകളിലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. നിപ സ്ഥിതി നിയന്ത്രണവിധേയമാണെന്നും 1233 പേർ സമ്പർക്കപട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു.ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാട്ടാക്കട സ്വദേശിയായ സ്ത്രീക്ക് നിപയില്ലെന്ന് സ്രവ സാബിൾ പരിശോധനയിൽ സ്ഥിരീകരിച്ചതായും വീണ ജോർജ് വ്യക്തമാക്കി.
36 വവ്വാലുകളുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. സാമ്പിൾ പരിശോധിക്കുന്ന ലാബുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നിപ പരിശോധനക്ക് മതിയായ സംവിധാനമായതായും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബും പുണെ എൻ.ഐ.വിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇതോടെ വളരെ വേഗത്തില്‍ നിപ്പ പരിശോധനകള്‍ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണമാണ്. അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. പി.സി.ആര്‍ അല്ലെങ്കില്‍ റിയല്‍ ടൈം പി.സി.ആര്‍. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ് നിപ വൈറസ് കണ്ടെത്തുന്നത്.