തിരുവനന്തപുരം ∙ തദ്ദേശസ്ഥാപനങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ മുന്നിൽ 8.03 ലക്ഷം പേരുള്ള തിരുവനന്തപുരം കോർപറേഷൻ. ഏറ്റവും കുറവ് വോട്ടർമാരുള്ളത് 1899 പേർ മാത്രമുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തും. 2.76 കോടി വോട്ടർമാരുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കരട് പട്ടിക ഈ മാസം 8ന് പ്രസിദ്ധീകരിച്ചുവെങ്കിലും കൂടുതലും കുറവും ഉള്ള സ്ഥാപനങ്ങൾ ഏതാണെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോഴാണു വ്യക്തമാക്കിയത്. തിരുവനന്തപുരം കോർപറേഷനിൽ ആകെയുള്ള 8,03,779 വോട്ടർമാരിൽ 4,18,540 (4.18 ലക്ഷം) സ്ത്രീകളും 3,85,231 (3.85 ലക്ഷം) പുരുഷന്മാരും 8 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ഇടമലക്കുടിയിൽ 958 സ്ത്രീകളും 941 പുരുഷന്മാരുമാണ് വോട്ടർമാർ.
പഞ്ചായത്തുകളിൽ ഏറ്റവും അധികം വോട്ടർമാരുള്ളത് കോഴിക്കോട്ടെ ഒളവണ്ണയിലാണ്. 26,833 സ്ത്രീകളും 25,491 പുരുഷന്മാരും 2 ട്രാൻസ്ജെൻഡറും അടക്കം 52,326 വോട്ടർമാരാണ് ഒളവണ്ണയിൽ. കോർപറേഷനുകളിൽ വോട്ടർമാരുടെ എണ്ണത്തിൽ പിന്നിൽ കണ്ണൂരാണ്. 1,87,527 ലക്ഷം വോട്ടർമാരാണ് ആകെ. ഇതിൽ സ്ത്രീകൾ 1,02,024 പുരുഷന്മാർ 85,503. നഗരസഭകളിൽ ആലപ്പുഴയ്ക്കാണ് വോട്ടുബലം കൂടുതൽ. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം നഗരസഭയാണു പിന്നിൽ. ആലപ്പുഴയിൽ 69,630 സ്ത്രീകളും 63,009 പുരുഷന്മാരും 2 ട്രാൻസ്ജെൻഡറും അടക്കം 1,32,641 ലക്ഷം വോട്ടർമാരുണ്ട്. കൂത്താട്ടുകുളത്ത് 14,522 വോട്ടർമാരേയുള്ളൂ. ഇതിൽ 7593 സ്ത്രീകളും 6929 പുരുഷന്മാരും ഉൾപ്പെടുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി 2,76,70,536 (2.76 കോടി) വോട്ടർമാരുണ്ട്. 941 പഞ്ചായത്തുകളിലായി 2,15,63.916 (2.15 കോടി), 87 നഗരസഭകളിലായി 36,51,931 (36.51 ലക്ഷം), 6 കോർപറേഷനുകളിലായി 24,54,689 (24.54 ലക്ഷം) എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക്.
23 വരെ പേര് ചേർക്കാം
തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 23 വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കണം. പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും കമ്മിഷൻ വെബ്‌സൈറ്റായ www.sec.kerala.gov.in വഴി അപേക്ഷ സ്വീകരിക്കും.
സിറ്റിസൻ റജിസ്ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി റജിസ്ട്രേഷൻ മുഖേനയും വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാം.