കൊരട്ടി : അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാറക്കൂട്ടം തണ്ടേങ്കാട്ടിൽ ശ്രീജനെ(53)യാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തണ്ടേങ്കാട്ടിൽ സുഭദ്ര(70)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശ്രീജൻ മദ്യപിച്ച് വീട്ടിലെത്തി സ്ഥിരം വഴക്കുണ്ടാക്കി തന്നെ മർദിക്കാറുണ്ടായിരുന്നുവെന്ന് സുഭദ്ര മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഭാര്യയെ ആക്രമിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് സുഭദ്രയ്ക്ക് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ സുഭദ്രയെ കൊരട്ടി പോലീസെത്തിയാണ് ചാലക്കുടി ആശുപത്രിയിലെത്തിച്ചത്. വീട്ടുകാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശ്രീജൻ നേരത്തെയും ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.