ചെന്നൈ: തമിഴ് സിനിമ ലോകത്ത് കഴിഞ്ഞ ആഴ്ചകളില്‍ എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് മീശ രാജേന്ദ്രന്‍. തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും മിന്നും താരം ദളപതി വിജയ്ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതാണ് സിനിമകളില്‍ ചെറുറോളുകളില്‍ തിളങ്ങുന്ന മീശ രാജേന്ദ്രനെ മാധ്യമങ്ങളില്‍ നിറഞ്ഞുനിര്‍ത്തുന്നത്. തമിഴകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള വിജയ്ക്കെതിരെ നിരന്തരം വിവാധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയാണ് മീശ രാജേന്ദ്രന്‍.
അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പ്രചാരണം വന്നത് മുതലാണ് മീശ രാജേന്ദ്രന്‍ വിജയ്ക്കെതിരെ രംഗത്ത് വന്ന് തുടങ്ങിയത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെ കോളിവുഡില്‍ റൂമറുകളായി വിജയ്ക്കെതിരെ എതിരാളികള്‍ ഉന്നയിച്ച പല കാര്യങ്ങളും മീശ രാജേന്ദ്രന്‍ ഇതിനകം ഉന്നയിച്ചു കഴിഞ്ഞു.
ഇപ്പോള്‍ 200 കോടിയോളം ഒരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്ന വിജയ്. ആ നിലയില്‍ എത്തിയത് ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ച്, അതില്‍ വലിയ ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ചാണെന്നായിരുന്ന രാജേന്ദ്രന്‍റെ ഒരു വിമര്‍ശനം. അതിന് പിന്നാലെ വിജയ്‍യുടെ പുതിയ ചിത്രം ലിയോ റീഷൂട്ട് ചെയ്യുകയാണെന്നും. ജയിലര്‍ വിജയം അതിനെ ബാധിച്ചെന്നും ഇദ്ദേഹം ആരോപിച്ചു. ലോകേഷ് കനകരാജ് വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും മീശ രാജേന്ദ്രന്‍ പറഞ്ഞു.
അതിന് ശേഷം എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ വിജയ്‍യുടെ ഭൂതകാലം പറഞ്ഞായിരുന്നു രാജേന്ദ്രന്‍റെ ആക്രമണം. ഒരു ഘട്ടത്തില്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രം പരാജയപ്പെട്ട് സ്വത്തെല്ലാം നഷ്ടപ്പെട്ട് താമസിക്കുന്ന വീട് പോകും എന്ന അവസ്ഥയില്‍ സിനിമ ചെയ്ത് കൊടുത്ത് വിജയ്‍യെയും കുടുംബത്തെയും രക്ഷിച്ചത് അന്ന് സൂപ്പര്‍താരമായ ക്യാപ്റ്റന്‍ വിജയകാന്ത് ആണ്. എന്നാല്‍ ആ നന്ദി പിന്നീട് വിജയ് കാണിച്ചില്ലെന്നാണ് മീശ രാജേന്ദ്രന്‍ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് മീശ രാജേന്ദ്രന്‍റെ പുതിയ വെളിപ്പെടുത്തല്‍. വിജയ് നായകനായ അവസാന ചിത്രം വാരിസ് അത് റിലീസായപ്പോള്‍ ഒപ്പം ഇറങ്ങിയ തുനിവിനോളം വിജയിച്ചില്ലെന്നാണ് കണക്ക് നിരത്തി രാജേന്ദ്രന്‍ പറയുന്നത്. രാജേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇതാണ്.
വാരിസും തുനിവും ഒന്നിച്ചാണ് ഇറങ്ങിയത്. അതിന്‍റെ കൊയമ്പത്തൂര്‍ ഏരിയ വിതരണം പരിശോധിച്ചാല്‍ വാരിസ് വിറ്റുപോയത് 17 കോടിക്കാണ്. അതേ സമയം തുനിവ് വിറ്റുപോയത് 8 കോടിക്കും. വാരിസ് കളക്ഷന്‍ നേടിയത് 17.25 കോടി. എന്നാല്‍ തുനിവ് നേടിയത് 17 കോടി. ഇവിടെ എന്ത് മനസിലാക്കാം 49 രൂപ ചിലവാക്കി 50 രൂപ നേടുന്നതാണോ, 10 രൂപ ചിലവാക്കി 50 നേടുന്നതാണോ ലാഭം. അതാണ് ഞാന്‍ പറയുന്നത് വിജയ്ക്ക് പിആര്‍ ചെയ്യാനും, ഐടിയില്‍ പ്രവര്‍ത്തിക്കാനും വന്‍ ടീമുണ്ട്. അതുവഴിയാണ് കാര്യം നടക്കുന്നത് -മീശ രാജേന്ദ്രന്‍ പറയുന്നു.
അതേ സമയം ദിവസങ്ങളായ മീശ രാജേന്ദ്രനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകര്‍. പലതരത്തില്‍ ട്രോളുകളും മറ്റും ഇറക്കിയാണ് മീശ രാജേന്ദ്രനെതിരെ വിജയ് ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം നടക്കുന്നത്.