കോട്ടയം: ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ ഇന്നലെ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്. “ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍” – മന്ത്രി വിവരിച്ചു.
നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. “ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്ക് അയിത്തമാണ് നിങ്ങള്‍ കല്‍പ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവുപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമ്മളെ അയിത്തം കല്‍പ്പിക്കുകയാണ്. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞു” – മന്ത്രി കൂട്ടിച്ചേര്‍ത്തു