ഇന്ത്യയിലെ കനേഡിയൻ ഹൈ കമ്മീഷ്ണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കാമറൂൺ മക്കെയെയാണ് പ്രതിഷേധം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെതാണ് നടപടി.
കാനേഡിയൻ പൗരനായ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നിരുന്നു. ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണിൽ കനേഡിയൻ പൗരനെ വധിക്കാൻ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഹർദീപ് സിങ് നിജാർ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടു പേരെത്തി ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.