ന്യൂഡൽഹി: ജാതി മത വേലിക്കെട്ടുകൾക്കതീതമായി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈകോടതി. വിവാഹം ചെയ്യുക എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അതിൽ സമൂഹമോ, രാജ്യമോ, മാതാപിതാക്കളോ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഇതരമതത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് കുടുംബത്തിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കൊടതിയുടെ നിരീക്ഷണം. 1954ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹിതരായതിനാൽ പെൺകുട്ടിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഇരുവരും കോടതിയെ അറിയിച്ചു.
ഭരണഘടന അനുശാസിക്കുന്ന 21-ാം അനുച്ഛേദപ്രകാരം വിവാഹം ചെയ്യുക എന്നത് ഒരു പൗരന്‍റെ അവകാശമാണ്. വിവാഹം പോലെ വ്യക്തികത അവകാശങ്ങൾ 21-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ ദമ്പതികളെ ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും, പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ ജീവിതത്തിലെ തീരുമാനങ്ങൾക്ക് സമൂഹത്തിന്‍റെ അംഗീകാരം ആവശ്യമില്ലെന്നും ജസ്റ്റിസ് ബാനർജി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇരുവരുടേയും നമ്പറുകൾ പ്രദേശത്തെ പൊലീസ് കോൺസ്റ്റബിളിന് കൈമാറണമെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.