മംഗളൂരു: ബൈന്തൂർ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന കേസിലെ മുഖ്യ പ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര അഞ്ച് ലക്ഷം രൂപ വാങ്ങി ചതിച്ചുവെന്ന് മറ്റൊരു പരാതി. ഉഡുപ്പി ജില്ലയിൽ ബ്രഹ്മാവർ കൊടി കന്യാന സ്വദേശിയും മീൻ കച്ചവടക്കാരനുമായ കെ.സുധീനയാണ്(33) പരാതിക്കാരൻ.തെൻറ പേരിൽ ഉടുപ്പിയിലും കുന്താപുരം കൊടയിലും തുണിക്കട തുടങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് കൊട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബി.ജെ.പിയിൽ ഉന്നതങ്ങളിൽ പിടിപാടുള്ള നേതാവ് എന്ന നിലയിലാണ് 2015ൽ ചൈത്രയെ പരിചയപ്പെട്ടത്.
കേന്ദ്രത്തിലുൾപ്പെടെ മന്ത്രിമാരുമായും എം.എൽ.എമാരുമായും അടുത്ത ബന്ധമുണ്ടെന്നാണ് പറഞ്ഞത്.2018 നും 22നും ഇടയിൽ മൂന്ന് ലക്ഷം രൂപ തെൻറ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ചൈത്രയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സുധീന പരാതിയിൽ പറഞ്ഞു. കൊടക് മഹീന്ദ്ര ബാങ്ക് വിജയവാഡ ശാഖ, കർണാടക ബാങ്ക് സസ്താൻ ശാഖ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിൽ നിന്നാണ് തുക അയച്ചത്. ബാക്കി തുക ഈ വർഷം വരെ പണമായും നൽകി.
തുണിക്കടകളുടെ കാര്യത്തിൽ അനക്കം കാണാത്തതിനാൽ സംശയം തോന്നി. ഒന്നുകിൽ കട തുടങ്ങണം അല്ലെങ്കിൽ പണം തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു ഫലം. വ്യാജ ബലാത്സംഗ കേസ് കൊടുക്കും, ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കും എന്നൊക്കെയായിരുന്നു ഭീഷണി. ചൈത്ര അറസ്റ്റിലായത് അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.