പെൺകുട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി കരുതിക്കൂട്ടി വിമാനത്തിന്റെ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ബന്ധിപ്പിച്ച് വച്ചിരുന്നതായി ആരോപണം. ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് സീറ്റിന്റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. ഒരു 14 -കാരിയായ പെൺകുട്ടിയുടെ കുടുംബമാണ് ആരോപണവുമായി മുന്നോട്ട് വന്നത്. മകളെ ലക്ഷ്യം വച്ച് ജീവനക്കാരിൽ ഒരാളാണ് ഇത് ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
സെപ്തംബർ 2 – അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1441-ൽ യാത്ര ചെയ്യുകയായിരുന്നു തങ്ങൾ. ആ സമയം പെൺകുട്ടിയോട്, ഫസ്റ്റ് ക്ലാസ് ബാത്ത്റൂം ഉപയോഗിക്കാൻ പറഞ്ഞത് വിമാനത്തിലെ ഒരു പുരുഷ ജീവനക്കാരൻ തന്നെയാണ്. പെൺകുട്ടി ബാത്ത്‍റൂമിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇയാൾ ബാത്ത്‍റൂമിലേക്ക് കയറിയിരുന്നു.
ശേഷം സീറ്റ് തകരാറിലാണ്, എന്നാലും പ്രശ്നമില്ല പോയിട്ട് വന്നോളൂ എന്നും പറഞ്ഞു. പെൺകുട്ടി ബാത്ത്‍റൂമിൽ നിന്നും ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഇയാൾ വീണ്ടും ബാത്ത്‍റൂമിലേക്ക് കയറുകയായിരുന്നു എന്നും അവളുടെ കുടുംബത്തിന്റെ രേഖാമൂലമുള്ള പ്രസ്താവനയിൽ പറയുന്നു.
ടോയ്‍ലെറ്റ് ഉപയോഗിച്ചതിന് ശേഷമാണ് പെൺകുട്ടിക്ക് സീറ്റിന് പിൻഭാഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി മനസിലായത്. ഇത് തന്നെ പകർത്തുകയായിരുന്നു എന്നും അവൾക്ക് ബോധ്യപ്പെട്ടു. പിന്നാലെ, ബാത്ത്‍റൂമിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് അവൾ തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തി. ഇത് തങ്ങളുടെ കുടുംബത്തെ ആകെത്തന്നെ ഞെട്ടിച്ചു, പ്രത്യേകിച്ച് മകളെ എന്നും കുടുംബത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഗേറ്റിൽ വെച്ച് സ്റ്റേറ്റ് പൊലീസ് സ്ഥലത്തെത്തി. മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ ഫ്ലൈറ്റിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ആകാശത്ത് നടന്ന കുറ്റമായതിനാൽ തന്നെ എഫ്ബിഐ ആയിരിക്കും പ്രാഥമികമായി കേസ് അന്വേഷിക്കുക എന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.