ദില്ലി: ലോക്സഭയിൽ എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി. ഇക്കാര്യം ഉന്നയിക്കാൻ അനുവദിച്ചില്ലെന്നും അധിർരഞ്ജൻ ചൗധരി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
ഇന്നലെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എംപിമാരുൾപ്പെടെ പ്രവേശിച്ചത്. എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ് നൽകിയിരുന്നു. ഈ പകർപ്പിന്റെ ആമുഖത്തിലാണ് മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലെന്ന് അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടുന്നത്. ഈ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടാൻ ലോക്സഭയിൽ ശ്രമിച്ചെങ്കിലും സ്പീക്കർ സമ്മതിച്ചില്ലെന്നും അധിർ രഞ്ജൻ പറഞ്ഞു. അതേസമയം, എംപിമാർക്ക് വിതരണം ചെയ്തത് ആദ്യം അംഗീകരിച്ച ഭരണഘടനയുടെ പകർപ്പാണെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുയരുന്ന വാദം.
അതേസമയം, വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.