ദില്ലി: കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വൈകിയെന്നാരോപിച്ച് വ്യാപാരിയോട് കൊടും ക്രൂരത. നോയിഡയിലെ പച്ചക്കറി മാർക്കറ്റിൽ വെള്ളുത്തുള്ളി കച്ചവടം നടത്തുന്ന വ്യാപാരിയെ ഒരു സംഘം തല്ലിച്ചതച്ച ശേഷം വസ്ത്രമുരിഞ്ഞ് നഗ്നനാക്കി മാർക്കറ്റിലൂടെ നടത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ പച്ചക്കറി മാർക്കറ്റിലെ കമ്മീഷൻ ഏജന്‍റായ സുന്ദർ, ഭഗൻദാസ് എന്നിവരാണ് നോയിഡ പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലിയെ നാണക്കേടിലാഴ്ത്തിയ കൊടും ക്രൂരത അരങ്ങേറിയത്. വെളുത്തുള്ളി വ്യാപാരി നോയിഡയിലെ ഒരു കമ്മീഷൻ ഏജന്‍റായ സുന്ദറിൽ നിന്നും വ്യാപാര ആവശ്യത്തിനായി 5600 രൂപ കടം വാങ്ങിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വ്യാപാരി പണം വാങ്ങിയത്. എന്നാൽ അന്ന് 2,500 രൂപയേ തിരികെ ഇയാള്‍ കമ്മീഷൻ ഏജന്‍റിന് നൽകിയൊള്ളു. ബാക്കി പണം നൽകാനായി കുറച്ച് സമയം തരണമെന്ന് വ്യാപാരി ആവശ്യപ്പെട്ടു. ഇതോടെ കമ്മീഷൻ ഏജന്‍റ് തന്‍റെ സഹായികളുമായി മാർക്കറ്റിലെത്തി വെള്ളുത്തുള്ളി കച്ചവടക്കാരനെ ഒരു കടയിലേക്ക് കൊണ്ടുപോയി വസ്ത്രമുരിഞ്ഞ് വടികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.
വ്യാപിരയെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം സംഘം മാർക്കറ്റിൽ നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായിനിരവധി പേരെത്തി. പ്രതികള്‍ക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധവും ക്യാംപയിനും നടന്നു. ഇതോടെയാണ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയും കമ്മീഷൻ ഏജന്‍റിനെയും സഹായിയേയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. വ്യാപാരിയെ മർദ്ദിച്ച മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി എടുക്കുമെന്നും നോയിഡ പൊലീസ് അറിയിച്ചു.