തിരുവനന്തപുരം: കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചതിന്‍റെ ആവേശത്തിലാണ് യാത്രക്കാർ. ചെന്നൈയിൽ നിന്ന് രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് എത്തിയ ശേഷം ട്രയൽ റൺ കൂടി കഴിഞ്ഞാൽ ഞായറാഴ്ച മുതൽ രണ്ടാം വന്ദേഭാരത് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ട്രാക്കിലിറങ്ങും. ഞായറാഴ്ച രണ്ടാം വന്ദേഭാരതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കുമ്പോൾ അറിയേണ്ട ഏറ്റവും പ്രധാനകാര്യം വന്ദേഭാരതിന് കേരളത്തിലുള്ള ഡിമാൻഡിനെക്കുറിച്ചാണ്.
കേരളത്തിലോടുന്ന ആദ്യ വന്ദേഭാരതിന് വൻ ഡിമാൻഡ് ആണെന്നാണ് ഒക്യുപൻസി റേറ്റിന്‍റെ കണക്കുകൾ പറയുന്നത്. കേരളത്തിലെ വന്ദേഭാരതിന്‍റെ ഒക്യുപൻസി റേറ്റ് 100 ശതമാനവുമല്ലെന്നതാണ് യാഥാർത്ഥ്യം. കൃത്യം കണക്ക് പറഞ്ഞാൽ 170 ശതമാനമാണ് വന്ദേഭാരത് എക്സ്പ്രസിന്‍റെ കേരളത്തിലെ ഒക്യുപൻസി റേറ്റ്. അതായത് മൊത്തം സീറ്റിംഗ് കപാസിറ്റിയെക്കാൾ 70 ശതമാനം അധികം വരും എന്ന് സാരം. ഒക്യുപൻസി റേറ്റ് ഇത്രയും കൂടുയതുകൊണ്ടാകും ഒരുപക്ഷേ ഇത്രയും വേഗത്തിൽ കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചത്.