തൃശൂര്‍: മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയില്‍ ചുവന്നമണ്ണ് സെന്‍ററില്‍ സ്‌കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററില്‍ യു ടേണ്‍ തിരിയുന്നതിനായി സ്ലോ ട്രാക്കില്‍നിന്നും സ്പീഡ് ട്രാക്കിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന സീജോയുടെ ബൈക്കില്‍ സ്പീഡ് ട്രാക്കിലൂടെ വരികയായിരുന്ന സ്‌കോര്‍പിയോ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് സീജോ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് സീജോയുടെ ദേഹത്തേക്ക് മറിയുകയും ചെയ്തു. ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സീജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്‍സര്‍ വാട്ടര്‍ ടാങ്ക് സെയില്‍സ് എക്‌സിക്യൂട്ടീവാണ് അപകടത്തില്‍ മരിച്ച സീജോ. കാര്‍ ഓടിച്ചിരുന്ന നേവി ഓഫീസര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചുവന്നമണ്ണ് പാലത്തിന് താഴെയുള്ള ഡിവൈഡറുകള്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റിയതാണ് അപകടമുണ്ടാകാന്‍ വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഇടതുവശത്തുകൂടി കടന്നുവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുകയും സ്പീഡ് ട്രാക്കിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇവ ശ്രദ്ധയില്‍ പെടാതിരിക്കുകയും ചെയ്യുന്നതാണ് അപകടത്തിന് കാരണം. എത്രയുംവേഗം പ്രദേശത്തെ ഡിവൈഡറുകള്‍ പുന:സ്ഥാപിക്കണമെന്ന് ചുവന്നമണ്ണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
അതേസമയം സിഗ്നൽ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറിൽ വിജയൻ പിള്ള (73)യാണ് മരിച്ചത്. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ഹരിപ്പാടേക്ക് പോയ ഓർഡിനറി ബസ് ജംഗ്ഷനിൽ റെഡ് സിഗ്നൽ കിടന്നിട്ടും മുന്നോട്ടെടുക്കുമ്പോൾ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.