കോഴിക്കോട്∙ അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് വീണ്ടും പ്രതിസന്ധിയിലേക്ക്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 19,000 വയ്‌ലിൽ താഴെ മാത്രമാണ് സ്റ്റോക്ക്. ദിവസവും 800 വയ്ൽ വാക്സീൻ ഉപയോഗിക്കുന്നതു കണക്കിലെടുക്കുമ്പോൾ അടുത്ത മാസം പകുതിയോടെ സ്റ്റോക്ക് തീരും. ഇക്വീൻ ആന്റി റേബീസ് വാക്സീന്റെ ടെൻഡർ നടപടികൾ ഉയർന്ന വില കാരണം പൂർത്തിയാക്കാനും സർക്കാരിന് സാധിച്ചിട്ടില്ല.സ്റ്റോക്ക് തീർന്നാൽ, നിലവാര പരിശോധന പൂർത്തിയാക്കാത്ത വാക്സീൻ ‘കാരുണ്യ’ വഴി താൽക്കാലികമായി വാങ്ങുകയോ പ്രാദേശിക വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വാക്സീൻ വാങ്ങുകയോ മാത്രമാവും പോംവഴി. വാക്സീന്റെ വില ക്രമാതീതമായി വർധിച്ചതാണ് കോർപറേഷനെ വെട്ടിലാക്കിയത്. 152.46 രൂപയിൽ നിന്ന് 264.60 രൂപയിലേക്ക് ഉയർന്നു ഈ വർഷത്തെ ടെൻഡർ നിരക്ക്. മുൻ വർഷത്തെ കമ്പനിയായ വിൻസ് ബയോ പ്രോഡക്ട്സ് തന്നെയാണ് ടെൻഡറിൽ ഒന്നാമതെത്തിയതെങ്കിലും 74% വിലവർധന ചൂണ്ടിക്കാട്ടി കോർപറേഷൻ അന്തിമ തീരുമാനം സർക്കാരിനു വിട്ടു. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനാൽ അടിയന്തര തീരുമാനം വേണമെന്ന് കോർപറേഷൻ അഭ്യർഥിച്ചെങ്കിലും ഏഴു മാസമായിട്ടും സർക്കാർ തീരുമാനം എടുത്തിട്ടില്ല.