തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ നവംബർ, ഡിസംബർ മാസങ്ങളിലായി 140 മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന ബഹുജന സദസ്സിന്റെ വിജയത്തിനായി ബൂത്തുതലം മുതൽ ജില്ലാതലം വരെ എൽഡിഎഫ് സംഘാടക സമിതികൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ ഈ മാസം തന്നെ സംഘാടക സമിതി രൂപീകരണം നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റികളും ഈ മാസം ചേരും.ജനസദസ്സ് നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൂടിയ എൽഡിഎഫ് യോഗത്തിലാണ് പരിപാടിയുടെ സംഘാടനം മുന്നണി തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ എംഎൽഎമാരും നേതാക്കളും അടക്കം ജനസദസ്സിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ജയരാജൻ വ്യക്തമാക്കി. ജനങ്ങൾക്കു പരാതികളും അപേക്ഷകളും നൽകാനും അവസരമുണ്ടാകും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയെ തള്ളിപ്പറഞ്ഞ എൽഡിഎഫ് സമാന വഴി സ്വീകരിക്കുകയാണോ എന്ന ചോദ്യത്തിന് ഓരോ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണു നിലപാടു സ്വീകരിക്കുന്നതെന്നും അന്നത്തെ കാലഘട്ടത്തിൽ അതായിരുന്നു ശരിയെന്നുമായിരുന്നു ജയരാജന്റെ മറുപടി.