തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പിലെ ആരോപണ വിധേയർ ഒളിവിൽ പോയതായി സൂചന. സി.ഡി.എസ് ചെയര്പേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്റ് എ. സീനാമോള്, മുന്‍ വി.ഇ.ഒ വിന്‍സി എന്നിവരാണ് ഒളിവിൽ പോയതായി സൂചന ലഭിക്കുന്നത്. സി.ഡി.എസ് ചെയർപേഴ്സൻ അടക്കം മൂന്നുപേരും വീടുകളിൽ ഇല്ല എന്നതാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വെളിവാകുന്നത്.
ജില്ല മിഷൻ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. 2021 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിലെ വി.ഇ.ഒയും പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണ വിധേയരായ മൂവരും മുങ്ങിയത്. അന്വേഷണ ഭാഗമായി വ്യാഴാഴ്ച ജില്ല മിഷൻ ഓഫിസിലെത്തി രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തുമെന്ന് എസ്.ഐ ജെ. ഷജീബ് പറഞ്ഞു. ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് അടക്കം പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് മടിക്കുന്നതിന് പിന്നിൽ ചില സി.പി.എം നേതാക്കളുടെ ശക്തമായ സമ്മർദം ഉണ്ടെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണ വിധേയരായ മൂന്ന് പേർക്കുമെതിരെ ക്രിമിനൽ കേസ് അടക്കമുള്ള നടപടി സ്വീകരിക്കണമെന്നും അന്വേഷണം വിജിലൻസിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നെടുമ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പടിക്കൽ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.