ചെന്നൈ: നീറ്റ് പിജി കട്ട് ഓഫ് പൂജ്യം ശതമാനമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്നാട് സർക്കാർ. നീറ്റിന് പിന്നിലെ തട്ടിപ്പ് വെളിപ്പെട്ടെന്ന് കായിക, യുവജന ക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. റാങ്ക് പട്ടികയിലെ ആർക്കും പ്രവേശനം ലഭിക്കും എങ്കില്‍ നീറ്റ് പരീക്ഷ എന്തിനാണ്? നീറ്റ് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് വേണ്ടിയാണെന്ന വാദം സത്യമെന്ന് തെളിഞ്ഞെന്നും ഉദയനിധി ആരോപിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ 20ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഇത് തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഭരണകക്ഷിയായ ഡിഎംകെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിടെയാണ് പരീക്ഷ എഴുതിയ ആര്‍ക്കും മെഡിക്കല്‍ പിജി പ്രവേശനം നേടാമെന്ന അവസ്ഥ വരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമുള്ള തീരുമാനമാണ് ഇന്നലെ പുറത്തുവന്നത്. കോച്ചിംഗ് സെന്ററുകള്‍ക്കും സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ മാത്രമാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച നീറ്റ് അനീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം നൽകേണ്ടി വരുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.