ദില്ലി : ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് സുഖ് ദൂൽ സിങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ഗ്യാങ്. സംഘാംഗങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലിൽ കഴിയുകയാണ് സംഘത്തിന്റെ തലവൻ ലോറൻസ് ബിഷ്ണോയ്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്ണോയ് പ്രധാന പ്രതിയാണ്. വ്യാജ പാസ്പോർട്ടിൽ കാനഡയിലേക്ക് കടന്ന സുഖ ദുൻകെ എന്ന സുഖ് ദൂൽ സിങ് കാനഡയിലെ വിന്നിപെഗിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങൾക്കിടയിലെ കുടിപ്പകയിലാണ് എൻഐഎ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദുൻകെ കൊല്ലപ്പെട്ടത്.
കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവാണ് സുഖ് ദുൻകെ എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെട്ടിരുന്നു. ഖാലിസ്ഥാൻ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായ സമയത്താണ് രണ്ടാം കൊലപാതകവും ഉണ്ടായത്.