കൊച്ചി: മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ. ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്ന് പണം ൈകപ്പറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിരവധി കമ്പനികളിൽ നിന്ന് മുഖ്യമന്ത്രി ഇത്തരത്തിൽ പണം വാങ്ങിക്കൊണ്ടിരിക്കുന്നു. വീണ വിജയന് സി.എം.ആർ.എൽ ഭിക്ഷയായി നൽകിയതാണോ ആ പണമെന്നും വീണ എന്റെ മകളല്ല എന്ന് പറയാൻ മുഖ്യമന്ത്രി തയാറാകുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
മകൾ സേവനം നൽകിയിട്ടില്ലെങ്കിൽ ആ പണം എന്തിന് വാങ്ങിയെന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. റിപ്പോർട്ടിൽ പരാമർശിക്കുന്ന പി.വി. എന്ന ചുരുക്കപ്പേര് തന്നെ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പി.വി. എന്നത് പിണറായി വിജയൻ എന്നു തന്നെയാണ് എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസെടുത്ത് തളർത്താമെന്ന് കരുതേണ്ട. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും കുഴൽനാടൻ വ്യക്തമാക്കി.