തെഹ്റാൻ: പൊതുസ്ഥലത്ത് നിർബന്ധിത ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകൾക്ക് കനത്ത പിഴ ചുമത്താനുള്ള ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. 290 അംഗങ്ങളുള്ള പാർലമെന്റിൽ 152 പേർ ബില്ലിനെ അനുകൂലിച്ചു. ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന്റെ വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.
പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി 2022 സെപ്‌തംബർ 16നാണ് കൊല്ലപ്പെട്ടത്. തുടർന്ന് അമിനിക്ക് നീതി തേടി സർവകലാശാലയിലെ വിദ്യാർഥികളും രാജ്യത്തെ സ്‌ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധമുയർന്നു. തുടർന്ന് ഇറാനിൽ മതകാര്യപൊലീസ് സംവിധാനം ഭരണകൂടം നിർത്തലാക്കിയിരുന്നു. പ്രക്ഷോഭത്തിൽ 200 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 ലെ പെട്രോൾ വിലയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് ശേഷം ഇറാനിലെ ഏറ്റവും വലിയ പ്രതിഷേധമായിരുന്നു അത്. മഹ്സ അമിനിയുടെ 40ആം ചരമദിനത്തിൽ അവരുടെ ഖബറിടത്തിൽ ഒത്തുകൂടിയവർക്കുനേരെ പൊലീസ് വെടിവെപ്പുണ്ടായിരുന്നു.