ദില്ലി: വനിതാ സംവരണ ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും സ്വീകരണമൊരുക്കി. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവർത്തകർ ഹാരമണിയിച്ചു. ഹർഷാരവങ്ങളോടെയാണ് അണികൾ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിർമ്മലാ സീതാരാമനും ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. പാർലമെന്റ് ചരിത്രം കുറിച്ചുവെന്ന് മോദി പറഞ്ഞു. ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയർത്താനായി. ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു. ഇന്നലെ വനിതാ എംപിമാരും മോദിക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടൻ രാഷ്ട്രപതിക്കയക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബില്ലിൽ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം, വനിത വോട്ടർമാർക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാൻ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാൽ ആരും എതിർത്തില്ല. കഴിഞ്ഞ ദിവസം ബില്ല് ലോക്സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു.