19ആം ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് ചൈനയിലെ ഹാങ്ഷൂവിൽ തുടക്കമായപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. 20 ദിവസങ്ങളിലായി നടക്കുന്ന ഗെയിംസിൽ 655 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ആകെ 61 മത്സരയിനങ്ങളിൽ 41ലും ഇന്ത്യ പങ്കെടുക്കുന്നുണ്ട്. പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെയും ഫുട്ബോൾ ടീമുകളെയുമൊക്കെ ഇന്ത്യ അയച്ചിട്ടുണ്ട്. മത്സരങ്ങൾ ചൊവ്വാഴ്ച, സെപ്തംബർ 19നു തന്നെ തുടങ്ങിയെങ്കിലും നാളെ, ശനിയാഴ്ചയാണ് ഉദ്ഘാടനം. ഹാങ്ഷൂവിലെ 56 വേദികളിലായാണ് മത്സരങ്ങൾ.
ഇതിനകം ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളാണ് കഴിഞ്ഞത്. പുരുഷ ഫുട്ബോളിൽ ആദ്യ കളി ആതിഥേയരായ ചൈനയോട് 5-1നു വീണെങ്കിലും അടുത്ത കളി ബംഗ്ലാദേശിനെ കീഴടക്കാൻ ഇന്ത്യക്ക് സാധിച്ചു. വനിതാ ക്രിക്കറ്റ് ടീം 21ന് ആദ്യ കളി കളിച്ചെങ്കിലും മലേഷ്യക്കെതിരായ ആ മത്സരം മഴ മുടക്കി. എങ്കിലും റാങ്കിംഗിൽ ഉയർന്ന ടീമായതിനാൽ ഇന്ത്യ അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ഈ മാസം 27 നാണ് പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ മൂന്നിന് ഇന്ത്യ ആദ്യ മത്സരം കളിക്കും.