ബക്സർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കിടെ വൈദ്യുതാഘാതമേറ്റ് 12കാരന് ദാരുണാന്ത്യം. ബിഹാർ നാഥ്പൂർ സ്വദേശി ശുഭം കുമാറാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് കുട്ടികളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബക്സർ ജില്ലയിലെ നാഥ്പൂർ സർക്കാർ പ്രൈമറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.
റിപ്പബ്ലിക്ക് ദിനത്തിൽ പതാക ഉയർത്താനുള്ള ഇരുമ്പ് തൂൺ സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം. സ്കൂളിന് മുകളിലൂടെയുള്ള 11,000 വോൾട്ട് വൈദ്യൂത ലൈനിൽ തൂണ് തട്ടുകയും തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭം കുമാറിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ഇറ്റാർഹി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.
രാജ്പൂരിലെ കോൺഗ്രസ് എം.എൽ.എ വിശ്വനാഥ് റാം ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കെട്ടിടത്തിനു മുകളിലൂടെയുള്ള 11,000 വോൾട്ട് വൈദ്യുതി കമ്പികൾ വിദ്യാർഥികളുടെ ജീവന് ഭീഷണിയാണെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സൗത്ത് ബിഹാർ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകിയതായി നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രദേശത്തെ റോഡുകൾ ഉപരോധിച്ചു.