ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന പ്രകോപന പ്രസ്താവന നടത്തിയ സിഖ് നേതാവിനെ തള്ളി കാനേഡിയന്‍ പ്രതിപക്ഷ നേതാവ്. ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും, സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത് വന്ത് സിംഗിനെ തള്ളി പ്രതിപക്ഷ നേതാവ് പിയറേ പൊയീവ് വ്യക്തമാക്കി. കാനഡയുടെ വികസനത്തിന് ഹിന്ദു സമൂഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും പിയറേ പൊയീവ് പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച് ക്വാഡ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ന്യൂയോര്‍ക്കില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമര്‍ശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഒളിത്താവളങ്ങള്‍ നല്‍കുന്നതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാന്‍ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരടങ്ങുന്നതാണ് ക്വാഡ് രാഷ്ട്രങ്ങള്‍. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ കാനഡ ശക്തമായ നടപടികള്‍ എടുക്കുന്നില്ല എന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് പ്രസ്താവന.